കൽപ്പറ്റയിൽ സ്വകാര്യ റിസോർട്ടിൽ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വയനാട് : കൽപ്പറ്റയിൽ സ്വകാര്യ റിസോർട്ടിൽ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശികളായ നിഖിൽ പ്രകാശ് (26), ബബിത (22) എന്നിവരെയാണ് ബത്തേരി മാനിച്ചിറക്കടുത്ത് പ്രവർത്തിക്കുന്ന റിസോർട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച പതിനൊന്ന് മണിയോടെയാണ് നിഖിലും,ബബിതയും റിസോർട്ടിലെത്തി മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയോടെ റിസോർട്ട് ജീവനക്കാർ മുറി അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിളിച്ച് നോക്കിയെങ്കിലും മുറി തുറന്നില്ല. തുടർന്ന് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

നിഖിലും,ബബിതയും ഏറെ നാളായി പ്രണയത്തിലായിരുന്നതായാണ് വിവരം. എന്നാൽ ഈ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. ഒരുമിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന് കരുതിയാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും മൃദദേഹം പോസ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക.അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)