ഭർത്താവിനൊപ്പം നടന്ന് പോകുകയായിരുന്ന ഗർഭിണിയായ യുവതിയോട് അശ്ലീലം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : ഭർത്താവിനൊപ്പം നടന്ന് പോകുകയായിരുന്ന ഗർഭിണിയായ യുവതിയോട് അശ്ലീലം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പാറപ്പള്ളി സ്വദേശി ശങ്കർ, ആമ്പാറ സ്വദേശി ജോൺസൺ, മുണ്ടങ്കൽ സ്വദേശി ആന്റോ എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജിൻസിക്കും ഭർത്താവിനും നേരെയാണ് ആക്രമണമുണ്ടായത്.

വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയിൽ ജിൻസിയെ നോക്കി വർഷോപ്പിൽ നിൽക്കുകയായിരുന്ന പ്രതികൾ അശ്ലീലം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ജിൻസിയുടെ ഭർത്താവിനെ പ്രതികൾ ക്രൂരമായി മർദിച്ചു. ഇത് തടയാൻ ശ്രമിച്ച ജിൻസിയുടെ നിറവയറിൽ പ്രതികളിൽ ഒരാൾ ചവിട്ടുകയും ജിൻസി തെറിച്ച് വീഴുകയും ചെയ്തു.

ചവിട്ടേറ്റ ജിൻസിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവിട്ടേറ്റതിനെ തുടർന്ന് രക്തസ്രാവമുണ്ടായതായി ജിൻസി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജിൻസിയെയും ഭർത്താവിനെയും വാഹനം പിടിപ്പിച്ച് അപായപ്പെടുത്താനും പ്രതികൾ ശ്രമം നടത്തിയതായി പരാതിയിൽ പറയുന്നു.