കൊട്ടാരക്കരയിൽ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ

കൊല്ലം : കൊട്ടാരക്കരയിൽ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. കൊട്ടാരക്കര നിലമേൽ സ്വദേശി മുർഷിദ് (26) ആണ് അറസ്റ്റിലായത്. കോട്ടയം മെഡിക്കൽ കോളേജിൽ ഹൗസ് സർജനായി ജോലി ചെയ്തുവരികയായിരുന്നു പ്രതി.

ഇൻസ്റ്റഗ്രാമിലൂടെയാണ് മുർഷിദും പീഡനത്തിന് ഇരയായ പെൺകുട്ടിയും പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമാകുകയും തുടർന്ന് നിരവധി സ്ഥലങ്ങളിലെത്തിച്ച് പെൺകുട്ടിയെ മുർഷിദ് ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് പുറമെ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ മുർഷിദ് അഞ്ച് കോടി രൂപ നൽകിയാൽ മാത്രമേ വിവാഹം കഴിക്കു എന്ന് പറയുകയും ചെയ്തിരുന്നു.

ആദ്യം പീഡിപ്പിച്ചപ്പോഴാണ് ഇയാൾ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് നിരവധി തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വിവാഹം കഴിക്കണമെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്ന് ആവിശ്യപെട്ടതോടെയാണ് താൻ വഞ്ചിക്കപെടുകയായിരുന്നെന്ന് പെൺകുട്ടി മനസിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.