തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല

തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശിനി ഗായത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗായത്രിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കാണാനില്ല. കൊല്ലം സ്വദേശിയായ പ്രവീണാണ് ഗായത്രിക്കൊപ്പമുണ്ടായതെന്നാണ് വിവരം.

ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ ഗായത്രിയും പ്രവീണും ഹോട്ടലിൽ മുറിയടുത്തതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു . വൈകുന്നേരമായതോടെ പ്രവീൺ തിടുക്കപ്പെട്ട് മുറിയിൽ നിന്നും പുറത്ത് പോകുന്നത് കണ്ടിരുന്നതായും ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകി. പ്രവീൺ പോകുന്ന സമയത്ത് മുറി പുറത്ത് നിന്ന് പൂട്ടിയാണ് പോയത്. രാത്രിയോടെ ഹോട്ടലിലേക്ക് ഒരു ഫോൺ സന്ദേശം വന്നു. യുവതി മുറിയിലുണ്ടെന്നാണ് സന്ദേശത്തിൽ പറഞ്ഞത്. തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് ഹോട്ടലിലെത്തി പുറത്ത് നിന്നും പൂട്ടിയ മുറി കുത്തി തുറന്ന് അകത്ത് കയറിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയോടൊപ്പം മുറിയെടുത്ത യുവാവിനായുള്ള തിരച്ചിൽ തുടങ്ങിയതായി പോലീസ് അറിയിച്ചു. യുവതിയുടെ മൃത്യദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.