കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ : താമസസസ്ഥലത്ത് അതിക്രമിച്ച് കയറുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ആക്രമണത്തിന് പുറമെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും പ്രതികൾ കവർച്ച ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൂട്ട് ഇല്ലാത്തതിനാൽ വീട്ടിൽ വിശ്രമിക്കുകയായിരുന്ന നടിയാണ് ആക്രമണത്തിന് ഇരയായത്. കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്ന നടിയെ കയറി പിടിക്കുകയും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വിവസ്ത്രയാക്കിയതിന് ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് നടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്താനായില്ല. അതേസമയം കവർച്ച ചെയ്ത പണവും സ്വർണാഭരണവും പ്രതികളിൽ നിന്നും പോലീസ് കണ്ടെത്തി. ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ചെന്നാണ് പ്രതികൾ പോലീസിൽ മൊഴി നൽകിയത്.