21 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രശസ്ത ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ അമ്മയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

മുംബൈ : 21 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രശസ്ത ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ അമ്മയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. അന്ധേരി കോടതിയാണ് സുനന്ദ ഷെട്ടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഓട്ടോമൊബൈൽ ഏജൻസി ഉടമയായ പർഹദ് അമ്രയുടെ പരാതിയിലാണ് കോടതിയുടെ നടപടി.

ശില്പ ഷെട്ടിയും സഹോദരി നമിത ഷെട്ടിയും കൂട്ട് പ്രതികളായ കേസിലാണ് സുനന്ദ ഷെട്ടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം കൂട്ട് പ്രതികളായ ശില്പ ഷെട്ടിക്കും സഹോദരിക്കും കോടതി ജാമ്യം നൽകിയിരുന്നു. ശില്പ ഷെട്ടിക്കും സഹോദരിക്കും,അമ്മയ്ക്കും കോടതി സമൻസ് അയച്ചിരുന്നു. ശില്പ ഷെട്ടിയും സഹോദരിയും കോടതിയിൽ ഹാജരായെങ്കിലും സുനന്ദ ഷെട്ടി കോടതിയിൽ ഹാജരായില്ല.

ഓട്ടോമൊബൈൽ ഏജൻസി ഉടമയിൽ നിന്ന് ബിസിനസ് തുടങ്ങുന്നതിന് വേണ്ടി 21 ലക്ഷം രൂപ ശില്പ ഷെട്ടിയുടെ അമ്മ വാങ്ങുകയും തുടർന്ന് ബിസിനസ് തുടങ്ങിയില്ലെന്നും പണം തിരിച്ച് നൽകിയില്ലെന്നും കാണിച്ച് പർഹദ് അമ്ര നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. അതേസമയം പബ്ലിസിറ്റി നേടാൻ വേണ്ടിയാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ശില്പ ഷെട്ടി കോടതിയെ അറിയിച്ചിരുന്നു.