പരാതി പരിഗണിച്ചില്ല എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളകുപൊടിയെറിഞ്ഞു

തൃശൂർ : പരാതിക്കാരിയായ എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളക്പൊടിയെറിഞ്ഞു. തൃശൂർ ടൗൺഹാളിൽ നടന്ന അദാലത്തിനിടെയാണ് സംഭവം. ഭർത്താവിന്റെ മരണം സംബന്ധിച്ച പരാതിയിൽ വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് വയോധിക മുളകുപൊടിയെറിഞ്ഞത്.

ഭർത്താവിന്റെ മരണം ചികിത്സ പിഴവ് മൂലമാണെന്ന് ചൂണ്ടിക്കാണിച്ച് ഇവർ വനിതാ കമ്മീഷന് മുൻപാകെ പരാതി നൽകിയിരുന്നു. എന്നാൽ വനിതാ കമ്മീഷൻ നടത്തിയ അദാലത്തിൽ ഇവരുടെ പരാതി പരിഗണിക്കാൻ പോലും തയ്യാറായില്ല. ഇതിനെത്തുടർന്ന് പ്രകോപിതയായ വയോധിക മുളകുപൊടിയുമായെത്തി വനിതാ കമ്മീഷന് നേരെ എറിയുകയായിരുന്നു. ഹാളിനകത്ത് ഫാൻ ഓൺ ആയിരുന്നതിനാൽ മുളക് പൊടി കാറ്റിൽ പറക്കുകയും ഹാളിനകത്തുണ്ടായ എല്ലാവരുടെയും കണ്ണിലും ശരീരത്തിലും വീഴുകയായിരുന്നു.

വയോധിക ബഹളംവെച്ചതോടെ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി വയോധികയെ അനുനയിപ്പിച്ച് അവിടെ നിന്നും കൂട്ടികൊണ്ട് പോകുകയുമായിരുന്നു. അതേസമയം വയോധികയുടെ പരാതി പരിഗണിക്കാത്തതിൽ വനിതാ കമ്മീഷന് നേരെ വിമർശനം ഉയരുകയാണ്.