ഭർത്താവ് ജീവനൊടുക്കിയ വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

കോവളം : തിരുവല്ലം വാഴമുട്ടം ബൈപാസിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിച്ച് സഹോദരികളായ യുവതികൾ മരിച്ചു. പനത്തുറ സ്വദേശികളായ ഐശ്വര്യ (32) സഹോദരി ശാരിമോൾ (31) എന്നിവരാണ് മരിച്ചത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരിമാരിൽ ഒരാളുടെ ഭർത്താവ് ആത്മഹത്യ ചെയ്‌തെന്ന വിവരമറിഞ്ഞ് പോകുകയായിരുന്നു ഇരുവരും.

പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തുള്ള റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കോവളം ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇരുവരുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

മരിച്ച ഐശ്വര്യയുടെ ഭർത്താവ് നെടുമങ്ങാട് സ്വദേശി ശ്രീജി വീട്ടിൽ തൂങ്ങി മരിച്ച വിവരമറിഞ്ഞ് ഐശ്വര്യയും സഹോദരി ശാരിമോളും നെടുമങ്ങാടേക്ക് പോകുന്നതിനായി ബസ് കയറാൻ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടത്തിൽപെട്ടത്.