കോട്ടയം പാമ്പാടിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ അച്ഛനും,മകളും ഡാമിൽ മരിച്ച നിലയിൽ

ഇടുക്കി : കോട്ടയം പാമ്പാടിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ അച്ഛനും,മകളും ഡാമിൽ മരിച്ച നിലയിൽ. കോട്ടയം സ്വദേശി വിനീഷ് (45), മകൾ പാർവതി (19) എന്നിവരെയാണ് ഇടുക്കി കല്ലാർക്കുടി ഡാമിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡാമിൽ ചാടി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് വിനീഷിനെയും മകളെയും കാണാതായത്. ഇടുക്കിയിലെ തങ്ങളുടെ ബന്ധുവീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരം വിനീഷിന്റെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ വിനീഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കല്ലാർകുട്ടി ഡാമിന് പരിസരത്ത് ഇവർ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്ക് ഡാമിന് സമീപത്ത് നിന്നും കണ്ടെത്തി.