ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ

കോട്ടയം : ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ ഞായറാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് പീഡന ശ്രമം നടന്നത്.

തൃശൂർ സ്വദേശിയായ യുവതി പത്തനംതിട്ടയിൽ നിന്ന് തൃശൂരിലേക്ക് പോകാനായാണ് ബസിൽ കയറിയത്. ഈരാറ്റുപേട്ടയിലെത്തിയപ്പോഴാണ് മദ്യ ലഹരിയിലായിരുന്ന പ്രതികൾ യുവതിയുടെ ശരീരത്തിൽ കടന്ന് പിടിക്കുകയും പീഡിപ്പിക്കാനും ശ്രമിച്ചത്. യുവതി ബഹളംവെച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ ഇടപെട്ട് ബസ് മേലുകാവ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ യുവതിയെ പോലീസ് ഇടപെട്ട് മറ്റൊരു വാഹനത്തിൽ വീട്ടിലെത്തിച്ചു. മൊഴിയെടുത്ത ശേഷം ബസ് ജീവനക്കാരെ പോലീസ് വിട്ടയച്ചു.