ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കൊലപാതകം ; ഒളിവിൽ കഴിയുകയായിരുന്ന ഭർത്താവ് അറസ്റ്റിൽ

മലപ്പുറം : മങ്കടയിൽ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസം സ്വദേശിനി ഹുസ്നറ ബീഗം കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ ഭർത്താവ് ചാഫിയാർ റഹ്മാനാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ അരുണാചൽ പ്രദേശിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ഒൻപതാം തീയതിയാണ് മങ്കടയിലെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് ശേഷം കാണാതായ ഭർത്താവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തൽ ഇയാൾ പാലക്കാട് നിന്നും ട്രെയിൻ കയറിയതായി പോലീസ് കണ്ടെത്തി. തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി അന്വേഷണസംഘം രൂപികരിച്ച പോലീസ് അരുണാചലിൽ ചൈന ബോർഡറിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.

ആസാമിലെത്തിയ പോലീസ് സംഘം പ്രതിയുടെ കുടുംബാംഗങ്ങളെ കണ്ടെത്തുകയും. അവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.