ഒന്നരക്കോടിയുടെ മയക്ക് മരുന്ന് പിടിച്ച കേസിൽ യുവതി ഉൾപ്പടെ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ : വിപണിയിൽ ഒന്നരക്കോടിയോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.ഐ പിടിച്ചെടുത്ത സംഭവത്തിൽ യുവതി ഉൾപ്പടെയുള്ള മൂന്ന് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പുതിയങ്ങാടി സ്വദേശി ശിഹാബ് (35), അൻസാരി (33), ശബ്‌ന (26) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് തുണിത്തരങ്ങളുടെ ഇടയിൽ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്തുന്നതിനിടെ ദിവസങ്ങൾക്ക് മുൻപ് കണ്ണൂർ സ്വദേശികളായ അബ്ദുൽ ഗഫൂറും ഭാര്യ ബൾക്കീസും അറസ്റ്റിലായിരുന്നു.

ബെംഗളൂരുവിൽ നിന്ന് പാഴ്‌സൽ വഴിയാണ് മയക്കുമരുന്നുകൾ കേരളത്തിലേക്ക് കടത്തിയിരുന്നത്. തുണികൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയിരുന്ന മയക്ക് മരുന്ന് പാഴ്‌സൽ വാങ്ങാനെത്തിയപ്പോഴാണ് അബ്ദുൽ ഗഫൂറും ഭാര്യ ബൽകീസും പോലീസ് പിടിയിലായത്. യുവതികളെ മുൻ നിർത്തിയാണ് സംഘം മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നത്. ആവശ്യക്കാർ പറയുന്ന സ്ഥലത്ത് യുവതികളെത്തി മയക്ക് മരുന്ന് പായ്ക്കറ്റ് ഉപേക്ഷിക്കും. ഓൺലൈനിലൂടെയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. വഴിയിൽ ഉപേക്ഷിക്കുന്ന മയക്ക് മരുന്ന് ആവശ്യക്കാർ എടുത്ത്കൊണ്ട് പോകുകയും ചെയ്യും. നേരിട്ട് കൈമാറ്റം നടക്കാത്തതിനാൽ ആർക്കും സംശയമൊന്നും തോന്നിയിരുന്നില്ല. ഒരു ഗ്രാം എംഡിഎംഐ 1500 രൂപയ്ക്കാണ് സംഘംവിൽപ്പന നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ അൻസാരിയും ഭാര്യ ആതിരയും വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മയക്ക് മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് അൻസാരി ആതിരയുടെ സഹോദരനൊപ്പം നിരന്തരം വീട്ടിൽ എത്തിയിരുന്നു. ഇതിനിടയിലാണ് അൻസാരിയും ആതിരയും പ്രണയത്തിലായത്. തുടർന്ന് ഒളിച്ചോടി വിവാഹം കഴിച്ച ആതിരയെ അൻസാരി മതം മാറ്റുകയും മതം മാറിയ ആതിര ഷബ്‌ന എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.