മുക്കുപണ്ടം പണയംവെച്ചത് മുപ്പത്തിലധീകം തവണ, ഒരു വർഷത്തിനുള്ളിൽ തട്ടിയെടുത്തത് അൻപത് ലക്ഷം ; ദമ്പതികൾ അറസ്റ്റിൽ

മലപ്പുറം : മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് കടലുണ്ടി സ്വദേശികളായ കെപി നസീർ (45), അസ്മ (40) എന്നിവരാണ് അറസ്റ്റിലായത്. പന്തീരാങ്കാവിലെ ഫ്ലാറ്റിൽ നിന്നും പരപ്പനങ്ങാടി പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ആനങ്ങാടി,വള്ളിക്കുന്ന് തുടങ്ങിയ സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളിലാണ് മുപ്പത്തിലധീകം തവണ മുക്ക് പണ്ടം പണയംവെച്ചത്. 2021 മുതൽ 2022 വരെയുള്ള കാലയളവിലാണ് മുക്കുപണ്ടം പണയപ്പെടുത്തി അൻപത് ലക്ഷത്തോളം രൂപ പ്രതികൾ തട്ടിയെടുത്തത്. ഓഡിറ്റിംഗിനിടെ സ്വർണം മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെ ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം മുക്കുപണ്ടം പണയം വെക്കാനായി തൊടുപുഴ സ്വദേശിയാണ് തങ്ങളെ ഏൽപ്പിച്ചതെന്നും. ഒരു ഗ്രാമിന് 500 രൂപ നിരക്കിൽ പ്രതിഫലം നൽകിയാണ് സ്വർണം പണയം വെച്ചതെന്നും ദമ്പതികൾ പോലീസിൽ മൊഴി നൽകി. സംഭവത്തിൽ ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.