തിരക്കിനിടയിൽ പിറകിൽ നിന്ന അയാൾ മോശമായി പെരുമാറി ; അപമര്യാദയായി പെരുമാറിയ ആളെ നഗരത്തിലൂടെ ഓടിച്ചിട്ട് പിടികൂടി പെൺകുട്ടി

കാസർഗോഡ് : ബസ് യാത്രക്കിടെ അപമര്യദയായി പെരുമാറിയ ആളെ കാഞ്ഞങ്ങാട് നഗരത്തിലൂടെ ഓടിച്ചിട്ട് പിടികൂടി വിദ്യാർത്ഥിനി. കരിവെള്ളൂർ സ്വദേശിനിയായ ആരതിയാണ് ബസിൽവെച്ച് അപമര്യാദയായി പെരുമാറിയ മണിയാട്ട് സ്വദേശി രാജുവിനെ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടേക്ക് പോകുന്നതിനിടയിലാണ് സംഭവം നടന്നത്.

കരിവെള്ളൂരിൽ നിന്നും കാഞ്ഞങ്ങാടേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ രാജു ആരതിയോട് മോശമായി പെരുമാറുകയായിരുന്നു. തിരക്കിനിടയിൽ പുറകിൽ നിന്നിരുന്ന രാജുവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നിയ ആരതി രാജുവിനോട് മാറി നിൽകാൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇയാൾ തയാറായില്ല. ഇതിനിടയിൽ പിങ്ക് പോലീസിനെ ബന്ധപ്പെടാനും ആരതി ശ്രമിച്ചു.

അതേസമയം ബസ് കാഞ്ഞങ്ങാട് എത്തിയപ്പോൾ രാജു ബസിൽ നിന്നും ഇറങ്ങി ഓടി. പുറകെ ഇറങ്ങിയ ആരതിയും രാജുവിന് പിന്നാലെ ഓടി. രക്ഷപെടാനായി കടയിൽ കയറി നിന്ന രാജുവിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി രാജുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.