വിവാഹ ഫോട്ടോഷൂട്ടിനിടയിൽ നവവരൻ പുഴയിൽ മുങ്ങി മരിച്ചു, നവവധു അത്ഭുതകരമായി രക്ഷപെട്ടു

കോഴിക്കോട് : വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരൻ പുഴയിൽ മുങ്ങി മരിച്ചു. കോഴിക്കോട് കടിയങ്ങാട് സ്വദേശി റിജിൽ (27) ആണ് മരിച്ചത്. വിവാഹത്തിന് ശേഷം കുറ്റ്യാടി ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു റിജിൽ. പുഴയിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടയിൽ റിജിൽ ഒഴിക്കിൽപെടുകയായിരുന്നു.

റിജിലിനൊപ്പം നവവധുവും ഒഴിക്കിൽപെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റജിൽ പുഴയിൽ മുങ്ങുന്നത് കണ്ട് കൂടി നിന്നവർ ബഹളം വെയ്ക്കുകയും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. റജിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് വെഡിങ് ഷൂട്ടിനായി ജാനകിക്കാട് വോനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.