അയൽവാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : അയൽവാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നന്മണ്ട സ്വദേശി അഭിനന്ദ് (27), വിജീഷ് (34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനന്ദിനെ വീട്ടിലെ അടുക്കളയിലും,വിജീഷിനെ വീടിന് തൊട്ടടുത്തുള്ള വിറക് പുരയിലുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സർക്കാർ ജീവനക്കാരനായ അഭിനന്ദ് വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ വിജീഷ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെയും മരണ കാരണം വ്യക്തമല്ല. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. യുവാക്കളുടെ ആത്മഹത്യയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.