മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടത് മൂന്ന് തവണ ; പരാതി നൽകി കെഎസ്ആർടിസി

തിരുവനന്തപുരം : ഉദ്‌ഘാടന ദിവസം തന്നെ അപകടത്തിൽപെട്ട കെ സ്വിഫ്റ്റ് ബസുകൾ വീണ്ടും അപകടത്തിൽപെട്ടു. കെഎസ്ആർടിസി പുതുതായി ആരംഭിച്ച കെ സ്വിഫ്റ്റ് ബസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തിരുന്നു. ആദ്യ യാത്രയിൽ തന്നെ അപകടത്തിൽപെട്ട കെ സ്വിഫ്റ്റ് ബസിന്റെ സൈഡ് മിറർ തകരുകയും കാൽ ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.

ആദ്യ ദിവസം മൂന്ന് തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപെട്ടത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് സർവ്വീസ് ആരംഭിച്ചതിന് പിന്നാലെ കിഴക്കമ്പലത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസും, തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസും അപകടത്തിൽപെട്ടു.

ലോറിയിൽ തട്ടിയായതിനെ തുടർന്ന് സൈഡ് മിറർ തകർന്ന ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിൽ വെച്ച് വീണ്ടും അപകടത്തിൽപെട്ടിരുന്നു. ഇതിനെ തുടർന്ന് ബസിന്റെ ഇൻഡികേറ്ററിന് കേട് പാട് സംഭവിച്ചു. അതേസമയം അപകടത്തിൽ യാത്രക്കാർക്കാർക്ക് പരിക്ക് പറ്റിയില്ല.

ആദ്യ ദിവസം തന്നെ ഒന്നിൽ കൂടുതൽ ബസുകൾ അപകടത്തിൽപെട്ടതിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് കെഎസ്ആർടിസി എംഡി ഡിജിപിക്ക് പരാതി നൽകി. മനപൂർവം അപകടങ്ങളുണ്ടാക്കി കെ സ്വിഫ്റ്റ് ബസിനെ തകർക്കാനുള്ള ശ്രമം നടക്കുന്നതായും വിശദമായി അന്വേഷിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.