കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ എംഎൽഎ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

കൊച്ചി : കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ എംഎൽഎ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ആശാ ഷാജിയുടെ ഉടമസ്ഥതയിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അഴീക്കോട് മണ്ഡലത്തിലുള്ള സ്വത്ത് വകകളാണ് കണ്ടുകെട്ടിയതെന്നാണ് വിവരം.

കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്സ്മെന്റിന്റെ നടപടി. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചിട്ടുള്ളത്. മുൻ എംഎൽഎ കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തുകയും കെഎം ഷാജിയുടെ വീട്ടിൽ റെയിഡ് നടത്തുകയും ചെയ്തിരുന്നു. കൂടാതെ അഴീക്കോട് സ്‌കൂളിൽ പ്ലസ്‌ടു അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയതായുള്ള കേസും ഇ.ഡി അന്വേഷിച്ച് വരികയാണ്.

കോഴ വാങ്ങിയ സംഭവത്തിൽ നേരത്തെ കെഎം ഷാജിയേയും ഭാര്യ ആശ ഷാജിയേയും ചോദ്യം ചെയ്തിരുന്നു. ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടിയതായി ഇ.ഡി യുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ ട്വീറ്റ് ചെയ്തു.