ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട നൈജീരിയൻ യുവാവ് മലയാളി യുവതിയിൽ നിന്നും പത്ത് ലക്ഷം രൂപ തട്ടിയെടുത്തു

ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും പത്ത് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ നൈജീരിയൻ യുവാവ് അറസ്റ്റിൽ. എനുക അരിൻസി ഇഫെന്ന (36) ആണ് അറസ്റ്റിലായത്. ഡൽഹി ഗ്രെറ്റർ നോയിഡയിൽ നിന്നുമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.

ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിംഗ് ആപിലൂടെയാണ് നൈജീരിയൻ പൗരനായ യുവാവിനെ പരിചയപ്പെടുന്നത്. നേരത്തെ വിദേശത്തായിരുന്ന യുവതി നാട്ടിലെത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായത്. വിവാഹ വാഗ്ദാനം നൽകിയ നൈജീരിയൻ യുവാവ് ഒന്നരകോടി രൂപയുടെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. അമേരിക്കയിൽ പൈലറ്റായി ജോലി ചെയ്യുകയാണെന്നാണ് ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

നൽകാമെന്നേറ്റ ഒന്നരകോടി രൂപ അയച്ചിട്ടുണ്ടെന്നും എന്നാൽ ഡോളറായെത്തിയ തുക ഡൽഹി വീമാനത്തിൽ തടഞ്ഞ് വെച്ചിരിക്കുകയായണെന്നും വിട്ട് കിട്ടുന്നതിനായി പത്ത് ലക്ഷം രൂപ നൽകണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവതി പത്ത് ലക്ഷം രൂപ നൽകുകയായിരുന്നു. വീണ്ടും പതിനൊന്ന് ലക്ഷം രൂപ കൂടി ആവിശ്യപെട്ടതിനെ തുടർന്ന് പണം അയക്കാനായി യുവതി ബാങ്കിലെത്തിയപ്പോൾ സംശയം തോന്നിയ ബാങ്ക് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് വിദഗ്ദമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇയാളുടെ സഹായിയെ പോലീസ് പിടികൂടുകയും ചെയ്തു. തുടർന്ന് സഹായിയുടെ ഫോൺ ഉപയോഗിച്ച് യുവാവിനെ വിളിച്ഛ് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.