ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം ; ഭർത്താവ് കറിക്കത്തികൊണ്ട് കഴുത്തറുത്ത യുവതി മരിച്ചു

പൊൻകുന്നം : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. മല്ലികശ്ശേരി സ്വദേശിനി സിനി (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിനിയുടെ ഭർത്താവ് ബിനോയ് ജോസഫ് (48) നെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒൻപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഭാര്യ സിനിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ബിനോയ് സംശയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം രാത്രി വഴക്കിനിടയിൽ കറിക്കത്തി ഉപയോഗിച്ച് ബിനോയ് സിനിയുടെ കഴുത്തറക്കുകയായിരുന്നു. സിനിയുടെ നിലവിളി കേട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന മക്കൾ ഓടിയെത്തുകയും അയൽവാസികളെ വിളിച്ച് സിനിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ സിനി പാലാ മെഡിസിറ്റി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യ നില ഗുരുതരമായതോടെ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് സംഭവ ദിവസം തന്നെ സിനിയുടെ ഭർത്താവ് ബിനോയ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.