ഭർത്താവിന്റെ മർദ്ദനം ഭർതൃ പിതാവിന്റെ മോശം പെരുമാറ്റം ; യുവതി കുളിമുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും,ഭർതൃ പിതാവിനെയും അറസ്റ്റ് ചെയ്തു

മലപ്പുറം : തിരൂരിൽ ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് സ്വദേശി ഹർഷാദ് (25), പിതാവ് മുസ്തഫ (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹർഷാദിന്റെ ഭാര്യയും ആലത്തിയൂർ സ്വദേശിനിയുമായ ലബീബയെ (26) നെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മാർച്ച് 21 നാണ് ലബീബയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ലബീബയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഹർഷാദ് ലബീബയെ മർദ്ധിച്ചിരുന്നതായും ഭർതൃ പിതാവായ മുസ്തഫ മോശമായി സംസാരിക്കാറുണ്ടായിരുന്നതായും ലബീബയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് തിരൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലബീബയുടെ കുടുംബത്തിന്റെ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.

അഞ്ച് മാസം മുൻപാണ് ഹർഷാദും, ലബീബയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഹർഷാദ് മർദ്ധിക്കുന്നതായി ലബീബ വീട്ടുകാരെ അറിയിച്ചിരുന്നു. ഹർഷാദിന്റെ പിതാവ് മുസ്തഫ ലബീബയോട് നിരവധി തവണ അപമര്യാദയായി പെരുമാറിയിരുന്നതായും എന്നാൽ ഭർത്താവ് ഇതറിഞ്ഞിട്ടും ചോദ്യം ചെയ്യാത്തതും ലബീബയെ മാനസികമായി തളർത്തിയിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ഹർഷാദിനെയും മുസ്തഫയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.