മുൻ കാമുകി മറ്റൊരാളുമായി പ്രണയത്തിലായി, നഗ്നചിത്രം പ്രചരിപ്പിച്ച് പ്രതികാരം ; യുവാവ് അറസ്റ്റിൽ

മൂന്നാർ : യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. മൂന്നാർ സ്വദേശിയായ യുവതിയും സന്തോഷും നേരത്തെ പ്രണയത്തിലായിരുന്നു. ഈ സമയത്ത് ഇരുവരും വീഡിയോ കാൾ ചെയ്യുന്നതിനിടയിൽ യുവതി നഗ്നത പ്രദർശിപ്പിക്കുകയും യുവാവ് സ്ക്രീൻഷോട്ട് എടുത്ത് വെക്കുകയും ചെയ്തിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സന്തോഷും യുവതിയും തമ്മിൽ വഴക്കുണ്ടാകുകയും പ്രണയ ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് തമിഴ്‌നാട്ടിലേക്ക് പഠനത്തിനായി പോയ യുവതി അവിടെ മറ്റൊരു യുവാവുമായി അടുപ്പത്തിലാകുകയും ഈ വിവരം സന്തോഷ് അറിയുകയും ചെയ്തു. ഇതിന്റെ പ്രതികാരമായി യുവതിയുടെ നഗ്നചിത്രങ്ങൾ യുവതിയുടെ ബന്ധുക്കൾക്കും, യുവതിയുടെ കാമുകനും സന്തോഷ് അയച്ച് കൊടുക്കുകയായിരുന്നു.

യുവതിയുടെയും കുടുംബത്തിന്റെയും പരാതിയെ തുടർന്ന് സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം യുവതിയുടെ നഗ്നചിത്രങ്ങളും ചാറ്റുകളും ഇയാൾ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ചിത്രങ്ങൾ വീണ്ടെടുത്തു. തുടർന്ന് സൈബർ കുറ്റകൃത്യം ഉൾപ്പടെ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.