വറുത്ത മീൻ കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കി : വറുത്ത മീൻ കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി തോവാളപ്പടി സ്വദേശിനി പുഷ്പ്പവല്ലി (60) നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മീൻ വറുത്തത് കഴിച്ച പുഷ്പ്പവല്ലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പുഷ്പവല്ലിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വറുത്ത മീൻ കഴിച്ചതിന് പിന്നാലെ തലയിൽ പെരുപ്പ് അനുഭവപ്പെടുകയും പരവേശം തോന്നിയതായും പുഷ്പവല്ലി പറഞ്ഞതായി വീട്ടുകാർ പറയുന്നു. നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് പുഷ്പവല്ലിയുടെ കയ്യിലും,നഖത്തിലും നീല നിറം ബാധിച്ചിരുന്നു.

സ്ഥിരമായി വാഹനത്തിൽ കൊണ്ട് വരുന്ന മീൻകാരനിൽ നിന്നാണ് മീൻ വാങ്ങിയതെന്ന് പുഷ്പവല്ലി പറഞ്ഞു. ഇയാളിൽ നിന്നും അയൽവാസികളും മീൻ വാങ്ങിയിരുന്നു. എന്നാൽ മറ്റാർക്കും കുഴപ്പങ്ങൾ ഉണ്ടായില്ല. വിവരം അറിഞ്ഞതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ തേടി.