സ്വന്തം ബൈക്കിനെ ഓവർടേക്ക് ചെയ്താൽ കല്ലെടുത്ത് ഏറിയും ; കണ്ണൂരിൽ കല്ലുകളുമായി ഒരാൾ അറസ്റ്റിൽ

കണ്ണൂർ : ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്നത് പതിവാക്കിയ പുതുവാച്ചേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സിഎച്ച് ഷംസീർ (47) ആണ് അറസ്റ്റിലായത്. സ്വന്തം ബൈക്കിനെ മറ്റേതെങ്കിലും വാഹനം ഓവർടേക്ക് ചെയ്‌താൽ ബൈക്കിന്റെ സീറ്റ് കവറിൽ കരുതിയിരിക്കുന്ന കല്ലെടുത്ത് ഓവർടേക്ക് ചെയ്ത വാഹനത്തിന് നേരെ എറിയുകയാണ് ഇയാളുടെ രീതി.

കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് ഏഴോളം പരാതികൾ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ താഴെ ചൊവ്വയിൽ വെച്ചും, കിഴുത്തുള്ളി ഭാഗത്ത് വെച്ചും ഇയാൾ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതായി കണ്ടെത്തിയിരുന്നു.

കണ്ണൂർ ടൗൺ സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ബൈക്കിന്റെ സീറ്റ് കവറിൽ നിന്നും കല്ലുകൾ കണ്ടെത്തി. ഓടുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിനാൽ ഇയാൾക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.