ശ്രീനിവാസൻ വധം ; പ്രതിയെ പള്ളിയിൽ ഒളിപ്പിച്ച പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് : ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പള്ളി ഇമാം ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാം ഹുസ്സൈൻ,കൽപ്പാത്തി സ്വദേശി അഷ്ഫാഖ്,ഒലവക്കോട് സ്വദേശി അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ സദ്ദാം ഹുസ്സൈൻ ശംഖുവരത്തോട് പള്ളിയിലെ ഇമാമാണ്.

ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രതികളിൽ ഒരാളെ പള്ളിയിൽ ഒളിപ്പിച്ചതിനാണ് പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകളും ഇയാൾ സൂക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തി. കൊലപാതകത്തിന് ആയുധം എത്തിച്ച ഓട്ടോ റിക്ഷയും പള്ളിക്ക് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. പുതുപ്പരിയാരം സ്വദേശി സഹദ്, ശംഖുവരത്തോട് സ്വദേശികളായ മുഹമ്മദ് റിസ്വാൻ,റിയാസുദീൻ , കൽപ്പാത്തി സ്വദേശി മുഹമ്മദ് ബിലാൽ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.