തൃക്കാക്കരയിൽ ഭാര്യ മദ്യക്കുപ്പി ഒളിപ്പിച്ച് വെച്ചതിൽ മനംനൊന്ത് ഭർത്താവ് ജീവനോടുക്കി

എറണാകുളം : തൃക്കാക്കരയിൽ ഭാര്യ മദ്യക്കുപ്പി ഒളിപ്പിച്ച് വെച്ചതിൽ മനംനൊന്ത് ഭർത്താവ് ജീവനോടുക്കി. ഉണിച്ചിറ ചാഴിക്കോടത്ത് വീട്ടിൽ ജോസി ജോൺ (46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.

ഓട്ടോറിക്ഷ തൊഴിലാളിയായ ജോസിയുടെ മാതാവ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. രാത്രി മാതാവിന് കൂട്ടിരുന്ന ജോസി രാവിലെ പിതാവിനെ മാതാവിന്റെ അടുത്ത് നിർത്തിയ ശേഷം വീട്ടിലെത്തുകയും തലേന്ന് വാങ്ങിയ മദ്യക്കുപ്പി അന്വേഷിക്കുകയുമായിരുന്നു. മദ്യക്കുപ്പി കാണാത്തതിനെ തുടർന്ന് ഭാര്യയുമായി വഴക്കിടുകയും തുടർന്ന് തൂങ്ങി മരിക്കുകയുമായിരുന്നു.

ഭർത്താവിനെ തൂങ്ങിയ നിലയിൽ കണ്ട ഭാര്യയുടെ നിലവിളികേട്ട് ഓടിക്കൂടിയ അയൽവാസികൾ ജോസിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടക വീട്ടിലാണ് ജോസിയും കുടുംബവും താമസിച്ചിരുന്നത്. മാതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതുൾപ്പടെ നിരവധി പ്രശനങ്ങൾ ജോസിയെ അലട്ടിയിരുന്നു.