നിർത്തിയിട്ട പിക്കപ്പ് വാനിൽ കാർ ഇടിച്ച് കാർ യാത്രികരായ അമ്മയും മകളും മരിച്ചു

കോഴിക്കോട് : നിർത്തിയിട്ട പിക്കപ്പ് വാനിൽ കാർ ഇടിച്ച് കാർ യാത്രികരായ അമ്മയും മകളും മരിച്ചു.പേരാമ്പ്ര സ്വദേശിയും അധ്യാപകനുമായ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (48), മകൾ അഞ്ജന (22) എന്നിവരാണ് മരിച്ചത്. പേരാമ്പ്ര പയ്യോളിയിൽവെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സുരേഷ് ബാബു ഓടിച്ചിരുന്ന കാർ വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന പിക്കപ്പ് വാനിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം പൂർണമായും തകർന്നു. സുരേഷ് ബാബുവും കുടുംബവും ബന്ധു വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപെട്ടത്. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീജയുടെയും,അഞ്ജനയുടെയും ജീവൻ രക്ഷിക്കാനായില്ല.

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ സുരേഷ് ബാബു ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.