പ്രണയം നടിച്ച് സഹപാഠിയെ ലോഡ്ജിൽ എത്തിച്ചു, മദ്യം നൽകി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ; യുവാവ് അറസ്റ്റിൽ

മലപ്പുറം : പ്രണയം നടിച്ച് സഹപാഠിയായ വിദ്യാർത്ഥിനിയെ ലോഡ്ജ് മുറിയിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എരമംഗലം സ്വദേശി ജുനൈസ് (22) ആണ് അറസ്റ്റിലായത്. ഏപ്രിൽ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജുനൈസും പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയും സഹപാഠികളാണ്. കോളേജിൽ നിന്നും പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ജുനൈസ് ലോഡ്ജ്മുറിയിൽ എത്തിക്കുകയായിരുന്നു. ലോഡ്ജ് മുറിയിലെത്തിയ വിദ്യാർത്ഥിനിയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ച പ്രതി. പെൺകുട്ടി മയങ്ങിയപ്പോൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മയങ്ങി കിടക്കുന്ന വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതിനിടയിൽ പെൺകുട്ടിയുടെ ശരീരത്തുണ്ടായ സ്വർണാഭരണങ്ങളും പ്രതി തട്ടിയെടുത്തു.

പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ച് കൊടുത്ത്‌ തന്നോടൊപ്പം കിടപ്പറ പങ്കിടണമെന്നും അല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഭീഷണി പതിവായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം പോലീസ് സംഘം പ്രതിയെ കൂടുകയായിരുന്നു.

പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഇയാൾ സഞ്ചരിച്ച കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ പീഡനം നടന്ന ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. ഇയാൾ ഇത്തരത്തിൽ മറ്റു പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.