പ്രണയം വീട്ടിലറിയുകയും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തിരുന്നു ; കൊല്ലംകോട് തീകൊളുത്തി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട് : കൊല്ലംകോട് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി തീകൊളുത്തുകയും സ്വയം തീ കൊളുത്തി യുവാവ് ആത്മഹത്യയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലംങ്കോട് സ്വദേശി സുബ്രഹ്മണ്യൻ (23), പാവടി സ്വദേശി ധന്യ (16) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഞായറഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പിറന്നാൾ ആഘോഷിക്കുന്നതിനായാണ് ധന്യയെ സുബ്രഹ്മണ്യൻ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. തുടർന്ന് മുറിയിൽ കയറിയതിനെ ശേഷം തീ കൊളുത്തുകയായിരുന്നു.

അതേസമയം ധന്യയും സുബ്രഹ്മണ്യനും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും അടുപ്പം വീട്ടുകാർക്കും അറിയാമായിരുന്നു. പ്രായപൂർത്തിയായതിന് ശേഷം വിവാഹം നടത്തിത്തരാമെന്ന് ഇരുവരുടെയും വീട്ടുകാരും സമ്മതിച്ചിരുന്നു. നേരത്തെ ഇരുവരും അടുത്തടുത്ത വീടുകളിലായിരുന്നു താമസിച്ചിരുന്നു. ആ സമയത്താണ് ഇരുവരും പ്രണയത്തിലായതെന്ന് അയൽവാസികൾ പറയുന്നു.

വിദേശത്തുള്ള ഒരു കമ്പനിക്ക് വേണ്ടി വീട്ടിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു സുബ്രഹ്‌മണ്യൻ. നാട്ടുകാർക്കും വീട്ടുകാർക്കും സുബ്രഹ്‌മണ്യനെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളു. പഠിക്കാൻ മിടുക്കിയായിരുന്നു ധന്യ പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ധന്യ വിജയിച്ചത്. സംഭവ ദിവസം ട്യൂഷൻ ഉണ്ടെന്ന് പറഞ്ഞാണ് ധന്യ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. ധന്യ സുബ്രഹ്മണ്യന്റെ വീട്ടിൽ എത്തിയത് ആരും അറിഞ്ഞിരുന്നില്ല. ധന്യ മുറിയിൽ കയറിയ ഉടനെ സുബ്രഹ്മണ്യൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ദേഹത്ത് തീ പടർന്നതോടെ ഇരുവരും പുറത്തേക്ക് ഓടുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.