ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടമായി ; ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി ക്രൈംബ്രാഞ്ച്

കോഴിക്കോട് : കൊയിലാണ്ടിയിൽ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപെട്ടതാണെന്ന് ക്രംബ്രാഞ്ച്. മാസങ്ങൾക്ക് മുൻപ് കൊയിലാണ്ടി ചേലിയ മലയിൽ ബിജിഷ ആത്മഹത്യ ചെയ്തിരുന്നു. ഒരുകോടിയിലധീകം രൂപയുടെ ഇടപാടുകൾ ബിജിഷ നടത്തിയതായി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. നാട്ടുകാരുടെയും കുടുംബത്തിന്റെയും ആവിശ്യ പ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഓണലൈൻ റമ്മി കളിച്ച് പണം നഷ്ടപെട്ട മനോവിഷമത്തിലാണ് ബിജിഷ ആത്മഹത്യ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ലോക്ഡൗൺ സമയത്താണ് ബിജിഷ ഓൺലൈൻ ഗെയിമുകൾ കളിച്ച് തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ തുക വെച്ച് കളിച്ചിരുന്ന ബിജിഷ പിന്നീട് വലിയ തുകകൾ വെച്ച് കളിക്കുകയായിരുന്നു. ആദ്യമൊക്കെ ഓൺലൈൻ റമ്മിയിലൂടെ പണം ലഭിച്ചെങ്കിലും പിന്നീട് എല്ലാം നഷ്ടപ്പെടുകയായിരുന്നു. ബിജിഷയുടെ വിവാഹവിശ്യത്തിനായി കരുതിവെച്ച സ്വർണം വീട്ടുകാർ അറിയാതെ പണയം വെയ്ക്കുകയും ആ പണവും റമ്മി കളിക്കാൻ ഉപയോഗിക്കുകയുമായിരുന്നു.

കയ്യിലുള്ള പണവും സ്വർണം പണയംവെച്ച് ലഭിച്ച പണവും നഷ്ടപ്പെട്ടതോടെ നിരവധി ഓൺലൈൻ ലോൺ ആപ്ലിക്കെഷനുകൾ ഉപയോഗിച്ച് വായ്പ്പയെടുത്തും ബിജിഷ ഓൺലൈൻ റമ്മി കളിച്ചിരുന്നു. അതേസമയം ഓണലൈൻ വായ്‌പ്പാ തിരിച്ചടവ് മുടങ്ങിയതോടെ വായ്‌പ്പ നൽകിയവർ ബിജിഷയെ കുറിച്ച് മോശം സന്ദേശങ്ങൾ ബിജിഷയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുകയായിരുന്നു. ഒന്നേമുക്കാൽ കോടി രൂപയോളം ബിജിഷ ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

സ്വകര്യ ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്ന ബിജിഷ കഴിഞ്ഞ ഡിസംബർ പന്ത്രണ്ടിനാണ് ആത്മഹത്യ ചെയ്തത്. മറ്റ് ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ബിജിഷയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും ആരോപിച്ചിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.