കുടുംബ സംഗമത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച ഒൻപത് വയസുകാരി മരിച്ചു

തൃശൂർ : കുടുംബ സംഗമത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെൺകുട്ടി മരിച്ചു. വയറിളക്കവും ഛർദിയും ബാധിച്ച് കണ്ടശാം കടവ് സ്വദേശി ജോളി ജോർജിന്റെ മകൾ ആൻസിയ (9) ആണ് മരിച്ചത്. ഭക്ഷ്യ വിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ഞായറാഴ്ച ഇവരുടെ തറവാട്ടിൽ കുടുംബ സംഗമം നടന്നിരുന്നു. ഇതിൽ ആൻസിയയും കുടുംബവും പങ്കെടുത്തിരുന്നു.

കുടുംബ സംഗമത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച നിരവധി പേർക്ക് വയറ്‌ വേദനയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചയോടെയാണ് ആൻസിയയ്ക്ക് വയറ് വേദന അനുഭവപ്പെട്ടത്. ശർദിച്ച് അവശയായ ആൻസിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കുടുംബ സംഗമത്തിൽ സ്വകാര്യ കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം ഉണ്ടാക്കി എത്തിച്ചതെന്ന് അൻസിയയുടെ കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.