പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ മകളെ ഉപയോഗിച്ച് ഹാൻസ് വിൽപ്പന നടത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ മകളെ ഉപയോഗിച്ച് ഹാൻസ് വിൽപ്പന നടത്തിയ പിതാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കാടപ്പാട്ടൂർ ജോസഫ് നായർ (50) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് നൂറിലധീകം നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പോലീസ് പിടിച്ചെടുത്തു. വീടിനോട് ചേർന്ന കടയിലാണ് ഹാൻസ് വില്പന നടത്തിയിരുന്നത്. പോലീസിനെ കണ്ടതോടെ ഹാൻസ് മകളുടെ കയ്യിൽ കൊടുത്ത് ഉപേക്ഷിക്കാൻ പറയുകയായിരുന്നു. പെൺകുട്ടി വീടിന് പുറകിലുള്ള ഓടയിലേക്ക് ഹാൻസ് പാക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു.

അതേസമയം പിന്നീട് സ്ഥലത്തെത്തിയ വനിത പോലീസ് പെൺകുട്ടിയെ പിടികൂടുകയായിരുന്നു. വീടിനോട് ചേർന്നുള്ള കടയിൽ പോലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ ഹാൻസ് പായ്ക്കറ്റുകൾ പോലീസ് കണ്ടെടുത്തു. ജോസഫിന്റെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ മറ്റ് രണ്ട് വീടുകളിൽ നിന്നും ഹാൻസ് പായ്ക്കറ്റ് പോലീസ് പിടിച്ചെടുത്തു.

നിരോധിത പുകയില ഉൽപ്പന്നം വിറ്റതിന് പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും. വീടും കടയും കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലാണ് പോലീസ് റെയ്‌ഡ്‌ നടത്തിയത്.