ഡിവൈഎഫ്ഐ വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവിനെ ചുമതലകളിൽ നിന്നും നീക്കി

കണ്ണൂർ : ഡിവൈഎഫ്ഐ വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സിപിഎം പേരാവൂർ ഏരിയ കമ്മിറ്റി അംഗവും കണിച്ചാർ ലോക്കൽ സെക്രട്ടറിയുമായ കെകെ ശ്രീജിത്തിനെ നിലവിലെ ചുമതലകളിൽ നിന്നും നീക്കം ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥനത്തിലാണ് നടപടി.

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനായി കണ്ണൂരിലേക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞ് വനിതാ പ്രവർത്തകയെ പാർട്ടി ഓഫീസിൽ വിളിച്ച് വരുത്തിയ ശേഷം സെൽഫി എടുക്കാൻ മറ്റൊരു മുറിയിലേക്ക് കൂട്ടികൊണ്ട് പോയി അപമര്യാദയായി പെരുമാറുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കേണ്ട വനിതാ പ്രവർത്തകയാണ് പർട്ടിക്ക് പരാതി നൽകിയത്.

അതേസമയം ശ്രീജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റിയെങ്കിലും മറ്റ് നടപടികൾ എടുത്തിട്ടില്ല. ഒരു പത്രക്കുറിപ്പ് മാത്രമാണ് ഈ വിഷയത്തിൽ ജില്ലാ സെക്രറട്ടറി പുറത്തിറക്കിയത്. സംഭവം വിവാദമായെങ്കിലും ഡിവൈഎഫ്ഐ പ്രവർത്തക പോലീസിൽ പരാതി നൽകിയിട്ടില്ല.