ഭർതൃ പീഡനത്തെ തുടർന്ന് രണ്ടര വയസുള്ള കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

വർക്കല : ഭർതൃ പീഡനത്തെ തുടർന്ന് രണ്ടര വയസുള്ള കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. ചെറുന്നിയൂർ സ്വദേശിനി ശരണ്യ (22), മകൾ നക്ഷത്ര എന്നിവരാണ് മരിച്ചത്. ഭർതൃ വീട്ടിലെ കിടപ്പ് മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ശരണ്യയുടെ ഭർത്താവ് സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശരണ്യ ഭർതൃ പീഡനം അനുഭവിച്ചതായി പോലീസ് പറയുന്നു ശരണ്യയുടെ ശരീരത്തിൽ അടിയേറ്റ് മുറിഞ്ഞതിന്റെ പാടുകൾ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. കുഞ്ഞിനെ കെട്ടി തൂക്കിയ ശേഷം ശരണ്യ തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. കല്ലറ സ്വദേശിയായ ശരണ്യയും ബസ് ഡ്രൈവറായ സുജിത്തും നാല് വർഷം മുൻപാണ് വിവാഹിതരായത്.

സ്ഥിരം മദ്യപാനിയായ സുജിത്ത് മദ്യപിച്ചെത്തി ശരണ്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ക്രൂരമായി മർദ്ദനം ഏൽക്കുന്നതിനെ തുടർന്ന് ശരണ്യ സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു. പിന്നീട് സുജിത്ത് പോയി വിളിച്ച് കൊണ്ട് വരാറുള്ളതായും നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത്ത് ശരണ്യയോട് വഴക്കിട്ട് വീട്ടിൽ നിന്നും ഇറങ്ങി പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ശരണ്യയെയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ ശേഷമാണ് ശരണ്യ ജീവനൊടുക്കിയത്.

സുജിത്ത് ഉപയോഗിച്ചിരുന്ന മുണ്ട് മേൽക്കൂരയിൽ കെട്ടിയ ശേഷം അതിലാണ് ശരണ്യ തൂങ്ങി മരിച്ചത്. പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തു. ശരണ്യയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.