മക്കളില്ലാത്ത ദമ്പതികൾ ഓമനിച്ച് വളർത്തിയ പൂച്ചയ്ക്ക് നേരെ അയൽവാസിയുടെ ക്രൂരത

ഏറ്റുമാനൂർ : മക്കളില്ലാത്ത ദമ്പതികൾ ഓമനിച്ച് വളർത്തിയ പൂച്ചയ്ക്ക് നേരെ അയൽവാസിയായ യുവാവ് നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തു. വെടിയേറ്റ് പരിക്കേറ്റ പൂച്ചയെ അതിരമ്പുഴ മൃഗാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. നീണ്ടൂർ സ്വദേശികളായ സജീവന്റെയും,മിനിമോളുടെയും വളർത്ത് പൂച്ചയ്ക്ക് നേരെയാണ് അയൽവാസിയായ യുവാവ് ആക്രമണം നടത്തിയത്.

പൂച്ച യുവാവിന്റെ സ്‌കൂട്ടറിന്റെ സീറ്റ് മാന്തി പൊളിച്ചതിനാലാണ് വെടിയുതിർത്തതെന്ന് യുവാവ് പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പൂച്ചയ്ക്ക് നേരെ വെടിയുതിർക്കുന്നത് കണ്ട സജീവനും,മിനിമോളും ഭയന്ന് വീടിനുള്ളിൽ തളർന്ന് വീണു. തുടർന്ന് അയൽവാസികൾ എത്തി ഇവരുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ബന്ധുക്കളെത്തി പൂച്ചയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

വെടിയേറ്റ് അവശനിലയിലായ പൂച്ചയുടെ വയറ്റിൽ തുളഞ്ഞ് കയറിയ ലോഹകഷ്ണം ഡോ. ടെറിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. നാടൻ തോക്കുപയോഗിച്ചാണ് പൂച്ചയ്ക്ക് നേരെ വെടിയുതിർത്തതെന്നാണ് വിവരം. അതേസമയം ഭയം കാരണം ഇവർ പോലീസിൽ പരാതി നൽകിയിരുന്നില്ല. മക്കളില്ലാത്ത ദമ്പതിമാർ അരുമയോടെ രണ്ട് പൂച്ചകളെയാണ് വളർത്തിയിരുന്നത്. അതിൽ ഒരു പൂച്ചയ്ക്കാണ് വെടിയേറ്റത്.