യുവതിയുടെ നടത്തത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ പിടികൂടിയത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ മൂന്ന് കോടി രൂപയുടെ സ്വർണം

കോഴിക്കോട് : കരിപ്പൂർ വീമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3.28 കോടി രൂപയുടെ സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ അബ്ദുൽ സമദ് (47),ഭാര്യ സഫ്ന (34) എന്നിവരാണ് പിടിയിലായത്. സഫ്നയുടെ കയ്യിൽ നിന്നും 3642 ഗ്രാം സ്വർണവും, അബ്ദുൽ സമദിന്റെ കയ്യിൽ നിന്ന് 3672 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

1.17 കിലോഗ്രാം സ്വർണം ശരീരത്തിൽ നിന്നും കണ്ടെടുത്തതിന് പുറമെ ബാക്കിയുള്ളത് അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ച നിലയിൽ കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് കോടിക്ക് മുകളിൽ മൂല്യം വരുന്ന സ്വർണമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

പ്രതികൾ നേരത്തെയും സമാന രീതിയിൽ സ്വർണം കടത്തിയതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.