പ്രണയം നടിച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി വഴിയിൽ ഉപേക്ഷിച്ച് മുങ്ങിയ പ്രതി അറസ്റ്റിൽ

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിൽ നിന്നും കടത്തിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കൊച്ചുകലുങ്ക് ഷെമീർ (32) ആണ് അറസ്റ്റിലായത്. പതിനാലുകാരിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി.

പെൺകുട്ടിയുമായി സമൂഹമാധ്യമം വഴിയാണ് യുവാവ് സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ട് പോകുകയായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം വഴിയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച പ്രതി കടന്ന്കളഞ്ഞു.

നാട്ടുകാരുടെ ഇടപെടലിലൂടെ വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം പ്രതിയുടെ പേരിൽ ചിതറ,കടയ്ക്കൽ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.