പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിൽ 42 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആക്ഷേപം

കണ്ണൂർ : പയ്യന്നൂരിൽ രക്തസാക്ഷി കുടുംബ സഹായ ഫണ്ടിൽ 42 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആക്ഷേപം. സിപിഎം രക്തസാക്ഷി പയ്യന്നൂർ ധനരാജിന്റെ കുടുംബത്തിനായി പാർട്ടി പിരിച്ചെടുത്ത ഒരു കോടി രൂപയിൽ 42 ലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് ആക്ഷേപം ഉയരുന്നത്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തിനായി പാർട്ടി ഒരു കോടി രൂപയോളം പിരിച്ചെടുത്തിരുന്നു. ഇതിൽ കുടുംബത്തിന് വീട് നിർമ്മിക്കുന്നതിനായി 25 ലക്ഷം രൂപ ചിലവിടുകയും ഭാര്യയുടെയും,മക്കളുടെയും പേരിൽ അഞ്ച് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു.

ഇത് കൂടാതെ ധനരാജിന്റെ അമ്മയുടെ പേരിൽ മൂന്ന് ലക്ഷം രൂപയും ബാങ്കിൽ നിക്ഷേപിച്ചു. ബാക്കി വന്ന തുകയാണ് തിരിമറി നടത്തിയതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. ധനരാജിന്റെ കടങ്ങൾ വീട്ടാനായിരുന്നു ഫണ്ട് സമാഹരിച്ചതെങ്കിലും ഇതുവരെ ധനരാജിന്റെ പതിനഞ്ച് ലക്ഷം രൂപയുടെ ബാധ്യത തീർത്തിട്ടില്ലെന്നും പറയുന്നു.

ഫണ്ട് തിരിമറി ആരോപണം ഉയരുന്നതിന് പിന്നാലെ പാർട്ടി രണ്ട് പേരെ സംഭവം അന്വേഷിക്കുന്നതിനായി നിയമിച്ചിരുന്നു. അന്വേഷണം നടത്തി കമ്മീഷൻ കണ്ടെത്തിയ റിപ്പോർട്ട് ചർച്ച ചെയ്യുകയും പ്രശ്‌നപരിഹാരത്തിന് ഇപി ജയരാജനെ പാർട്ടി നിയോഗിക്കുകയും ചെയ്തു. എന്നാൽ ഫണ്ട് തിരിമറി താഴെ തട്ടിൽ നടപടിയെടുത്ത് ഒതുക്കാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.