ഷവർമ്മ കഴിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തു

കാസർഗോഡ് : ചെറുവത്തൂരിൽ ഷവർമ്മ കഴിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം നൽകാനും കോടതി ആവിശ്യപെട്ടിട്ടുണ്ട്.

ശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും കോടതി സർക്കാരിനെ അറിയിച്ചു. വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ ഭക്ഷ്യസുരക്ഷ വകുപ്പിപ്പിനെതിരെ വിമർശനം ഉയർന്നിരുന്നു. ഷവർമ്മ വിൽപ്പന നടത്തിയ കൂൾബാർ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതി സ്വമേധയ കേസെടുത്ത് സർക്കാരിനോട് വിശദീകരണം ആവശ്യപെട്ടത്.

അതേസമയം വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കൂൾബാർ മാനേജർ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപന ഉടമ കാസർഗോഡ് കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദ് ദുബായിലാണ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഷവർമ കഴിച്ചതിനെ തുടർന്ന് 31 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാധിച്ചു.