കാമുകനൊപ്പം ജീവിക്കുന്നതിനായി ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയെ സഹായിച്ച യുവാവ് അറസ്റ്റിൽ

കട്ടപ്പന : കാമുകനൊപ്പം ജീവിക്കുന്നതിനായി ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയെ സഹായിച്ച യുവാവ് അറസ്റ്റിൽ. യുവതിക്ക് മാരക മയക്ക് മരുന്നായ എംഡിഎംഐ നൽകിയ സംഘത്തിലെ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ശ്യാം റോഷ് (25) ആണ് അറസ്റ്റിലായത്.

കാമുകനൊപ്പം ജീവിക്കുന്നതിനായി വണ്ടന്മേട് മുൻ പഞ്ചായത്തംഗമായ സൗമ്യ എബ്രഹാം ഭർത്താവ് പുറ്റടി അമ്പലമേട് സ്വദേശി സുനിൽ വർഗീസിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും നേരത്തെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കാമുകന്റെ നിർദേശപ്രകാരം മയക്ക് മരുന്ന് സംഘത്തിൽ നിന്നും മയക്ക് മരുന്ന് വാങ്ങി ഭർത്താവിന്റ വാഹനത്തിൽ ഒളിപ്പിച്ച് വെയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

അതേസമയം മയക്ക് മരുന്ന് പിടിച്ച പോലീസ് സംശയം തോന്നിയതിനെ തുടർന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് ഭർത്താവിനെ കള്ളക്കേസിൽ കുടുക്കി കാമുകനൊപ്പം മുങ്ങാനുള്ള ഭാര്യയുടെ പദ്ധതി പുറത്തായത്. തുടർന്ന് പോലീസ് ചോദ്യം ചെയ്യലിൽ സൗമ്യ കുറ്റം സമ്മതിക്കുകയായിരുന്നു. കേസിൽ സൗമ്യ ഉൾപ്പടെ മൂന്ന് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.