വിനോദയാത്രയ്ക്കിടെ ബന്ധുവീട്ടിലെത്തിയ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

വയനാട് : ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യ നിതാ ഷെറിൻ (22) നെ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് കൊളത്തറ സ്വദേശി അബൂബക്കർ സിദ്ധിക്ക് (29) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഭാര്യയെയും മക്കളെയും കൂട്ടി അബൂബക്കർ സിദ്ധിക്ക് ബൈക്കിൽ മൈസൂരിലേക്ക് യാത്ര പുറപ്പെട്ടിരുന്നു. ഇതിനിടയിൽ വഴിമധ്യേയുള്ള ബന്ധു വീട്ടിൽ എത്തിയ ഇവർ ഒരു ദിവസം അവിടെ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബന്ധുവീട്ടിലെ മുകളിലെ കിടപ്പ് മുറിയിലാണ് അബൂബക്കറും കുടുംബവും താമസിച്ചത്. രാത്രി ഒരുമണിയോടെ ഭാര്യ നിതയെ അബൂബക്കർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അബൂബക്കർ തന്റെ സഹോദരനെ വിളിച്ച് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെ വിവരം അറിഞ്ഞ പോലീസ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം വീട്ടുകാർ അറിയുന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.