പതിനൊന്ന് ദിവസം പ്രായമായ കുഞ്ഞ് അമ്മയുടെ കയ്യിൽ നിന്നും പുഴയിൽ വീണ് കാണാതായി

ഏലംകുളം : അമ്മയുടെ കയ്യിൽ നിന്നും പുഴയിൽ വീണ കുഞ്ഞിനെ കാണാതായി. പതിനൊന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് പുഴയിൽ വീണ് കാണാതായത്. റെയിൽ പാലത്തിന് മുകളിൽ നിന്ന അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ട്രെയിൻ കടന്ന് പോയപ്പോഴുണ്ടായ വിറയലിൽ കയ്യിലിരുന്ന കുഞ്ഞ് വീഴുകയായിരുന്നെന്നാണ് അമ്മ പറയുന്നത്. അതേസമയം കുഞ്ഞിന്റെ അമ്മ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്നാണ് വിവരം.

കഴിഞ്ഞ ദിവസം മുതുകുറുശ്ശി മാപ്പാട്ടുകര റയിൽവേ പാലത്തിൽ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. പാലത്തിന് സമീപത്താണ് ഇവർ താമസിച്ചിരുന്നത്. രാത്രി ഒൻപത് മണിയോടെ അമ്മയെയും കുഞ്ഞിനെയും കാണാതായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടയിൽ അമ്മ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങി എത്തി. കുഞ്ഞിനെ കുറിച്ച് വീട്ടുകാർ തിരക്കിയപ്പോൾ പുഴയിൽ വീണതായി പറയുകയായിരുന്നു.

ട്രെയിൻ കടന്ന് പോയ വിറയലിൽ കയ്യിൽ നിന്നും കുഞ്ഞ് പുഴയിലേക്ക് വീണതായി യുവതി പറഞ്ഞതായി വീട്ടുകാർ പോലീസിൽ മൊഴി നൽകി. കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.