ആറുമാസം മുൻപ് വീട്ടുകാരുടെ സമ്മതമില്ലതെ വിവാഹിതയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : ഭർതൃമതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവർമണി അയ്യപ്പൻപാറ സുധാകരന്റെ ഭാര്യ സുവർണ (19) നെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒരുമിച്ച് കിടന്ന ഭാര്യയെ രവിലെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നെന്ന് ഭർത്താവ് പോലീസിൽ മൊഴി നൽകി. സുധകരാനും സുവർണയും ആറു മാസം മുൻപാണ് വിവാഹിതരായത്.

ഇവരുടെ വിവാഹത്തിൽ സുവർണയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് സുവർണ സുധാകരനെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം സുവർണ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സുവർണയുടെ വീട്ടുകാർ പറയുന്നു. ഇതിന് ശേഷമാണ് സുവർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം നേരത്തെ രണ്ട് തവണ സുവർണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ഭർതൃ വീട്ടുകാർ പറയുന്നു. എന്നാൽ സുവർണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സുവർണയുടെ കുടുംബം ആവശ്യപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മറ്റു പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.