കിണർ നിർമ്മണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട യുവാവിന്റെ മൃതദേഹം പുറത്തെടുത്തു

കൊല്ലം : കൊട്ടിയം തഴുത്തല കാറ്റാടിമുക്കിൽ കിണർ നിർമ്മണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. കണ്ണനല്ലൂർ സ്വദേശി സുധീർ (28) ന്റെ മൃതദേഹമാണ് പുറത്തെടുത്തത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മണ്ണിനടിയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

അറുപതടി താഴ്ചയുള്ള കിണറിൽ പുതിയതായി നാല് തൊടികൾ സ്ഥാപിക്കാൻ ഇറങ്ങിയതായിരുന്നു സുധീർ. ഇതിനിടയിൽ അപകട സാധ്യത മുന്നിൽ കണ്ട് കിണറ്റിൽ ഇറങ്ങിയ സുധീർ അടക്കമുള്ളവർ ധൃതിയിൽ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ മുകളിലെ തൊടികൾ ഇടിഞ്ഞ് സുധീറിന്റെ മുകളിൽ വീഴുകയായിരുന്നു. കൂടെ മണ്ണും ഇടിഞ്ഞതോടെ സുധീർ താഴ്ചയിലോട്ട് പതിക്കുകയായിരുന്നു. തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനത്തിന് ശ്രമം നടത്തിയെങ്കിലും മണ്ണിടിച്ചിൽ തുടർന്നതോടെ രക്ഷാപ്രവർത്തനം പരാജയപെട്ടു.

പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് കിണറിന് സമാന്തരമായി മണ്ണ് നീക്കം ചെയ്താണ് സുധീറിന്റെ മൃതദേഹം പുറത്തെടുത്തത്. അഞ്ച് മാസം മുൻപാണ് സുധീർ വിവാഹിതനായത്.