വൈവാഹിക പോർട്ടലിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : വൈവാഹിക പോർട്ടലിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപ് (38) ആണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് പോലീസ് ബംഗളൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിലീപ് യുവതിയെ വൈവാഹിക പോർട്ടൽ വഴി പരിചയപ്പെടുന്നത്. നേരത്തെ വിവാഹം കഴിഞ്ഞ യുവതി വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടയിലാണ് ദിലീപുമായി സൗഹൃദത്തിലാകുന്നത്. പിറന്നാൾ ഘോഷിക്കുന്നതിനായി ദിലീപ് യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന്ന ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

ഈ സംഭവത്തിന് ശേഷം യുവതി ദിലീപുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറാൻ ശ്രമിക്കുന്നതായി ദിലീപിന് തോന്നി. ഇതിനെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ യുവതിയുടെ നഗ്ന്ന ദൃശ്യം പിതാവിനും ആദ്യ ഭർത്താവിനും ഇയാൾ അയച്ചു കൊടുക്കുകയായിരുന്നു.