തീവ്രവാദ സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

മൂന്നാർ : പോലീസ് സ്റ്റേഷനിലെ കമ്പ്യുട്ടറിൽ നിന്നും രഹസ്യ വിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം. പോലീസ് മേധാവി ആർ കുറുപ്പ് സ്വാമി ഡിവൈഎസ്പി ആർ മനോജിനോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയത്.

മൂന്നാർ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. മൂന്നാർ പോലീസ് സ്റ്റേഷനിൽ രഹസ്യ സ്വഭാവമുള്ള പ്രധാന രേഖകൾ കൈകാര്യം ചെയ്തിരുന്ന ഡേറ്റ ഓപ്പറേറ്റർ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർ മതതീവ്രവാദ സംഘടനകൾക്ക് വിവരങ്ങൾ ചോർത്തി നൽകിയാതായി രഹസ്വാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.

ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ആഴ്ചകൾക്ക് മുൻപ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞതോടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സ്വാധീനം ഉപയോഗിച്ച് സ്ഥലംമാറ്റത്തിനായുള്ള ശ്രമം നടത്തി. മതതീവൃവാദികൾക്ക് വിവരങ്ങൾ ചോർത്തിയ സംഭവം പുറത്ത് അറിയാതിരിക്കാനും പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. അതേസമയം ഏത് തരത്തിലുള്ള വിവരങ്ങളാണ് ചോർത്തിയതെന്ന് അടക്കമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. നേരത്തെ എസ്ഡിപിഐക്ക് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിരുന്നു.