മുഖ്യമന്ത്രിക്കെതിരെ പരാമർശം ; കെ സുധാകരനെതിരെ പോലീസ് കേസെടുത്തു

എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി. പാലാരിവട്ടം പൊലീസാണ് കെ സുധാകരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഐപിസി 153 വകുപ്പ് പ്രകാരം ജാമ്യം ലഭിക്കുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. പിണറായി വിജയനെതിരെ കെ സുധാകരൻ നടത്തിയ പരാമർശം അടങ്ങുന്ന വീഡിയോ സഹിതമാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ പരാതി നൽകിയത്. വീഡിയോ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി തൃക്കാക്കര കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്.