ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയത് ലക്ഷങ്ങളുടെ ബിസിനസ് കായിക അധ്യാപികയും സുഹൃത്തുക്കളും ഒടുവിൽ അറസ്റ്റിൽ

കൊച്ചി : വിദ്യാർത്ഥികളെയും,ടെക്കികളെയും ലക്ഷ്യമിട്ട് ഇൻഫോപാർക്ക് പരിസരത്ത് ലഹരിമരുന്ന് വില്പന നടത്തിയിരുന്ന കായിക അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനിയും അധ്യാപികയുമായ അമൃത (24), സുഹൃത്ത് തിരുവല്ല സ്വദേശി അഭിമന്യു (27), പെരിന്തൽമണ്ണ സ്വദേശി സനിൽ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇൻഫോപാർക്ക് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയടങ്ങുന്ന സംഘം അറസ്റ്റിലായത്. പരിചയവും അടുപ്പവും ഉള്ളവർക്ക് മാത്രമാണ് ഇവർ ലഹരിമരുന്ന് വില്പന നടത്തിയിരുന്നത്. ബുധനാഴ്ച്ച വൈകുന്നേരമാണ് കഴിക്കാട്ട് മൂലയിലെ ഫ്ലാറ്റിൽ നിന്നും സംഘത്തെ അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഇവർ വില്പന നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചു.

ഇവരിൽ നിന്നും മാരക മയക്ക് മരുന്നായ 20 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നാണ് സംഘം ലഹരിമരുന്ന് എത്തിച്ചിരുന്നത്. ഉറക്കം വരാതിരിക്കാനും ഉന്മേഷത്തിനുമായാണ് വിദ്യാർത്ഥികളും ടെക്കികളും കൂടുതലായും എംഡിഎംഎ ഉപയോഗിക്കുന്നതെന്നാണ് വിവരം. പോലീസ് ഫ്ലാറ്റിലെത്തി പരിശോധന നടത്തുന്നതിനിടയിൽ പ്രതികൾ രക്ഷപെടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അറസ്റ്റിലാകുന്നതിന് തൊട്ട് മുൻപ് വരെ ഇവർ ലഹരി ഉപയോഗിച്ചിരുന്നു.