ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്ന്കാരിയെ പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്ന് വയസുകാരിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ട് പോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം സ്വദേശി ഷാൻ രാജ് (22), ബലരാമപുരം സ്വദേശി ജീവൻ (20) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

ഈ മാസം 15 ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകാര്യത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. ഫ്രീഫയർ ഗെയിം കളിക്കുന്നതിനിടയിലാണ് പെൺകുട്ടിയുമായി പ്രതികളിൽ ഒരാളായ ജീവൻ സൗഹൃദം സ്ഥപിച്ചത്. തുടർന്ന് പ്രലോഭിപ്പിച്ച് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഷാൻ രാജ് ഇൻസ്റ്റഗ്രമിലൂടെയാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥപിച്ചത് തുടർന്ന് വീട്ടിൽ നിന്നും കടത്തിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം സുഹൃത്തിന്റെ വീട്ടിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് ഷാൻ രാജ് കടന്ന് കളയുകയായിരുന്നു. ഒരാഴ്‌ചയോളം ഷാൻ രാജ് പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഒരു വർഷത്തോളമായി ഇത്തരത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായാണ് വിവരം.

കോവളം എസ്എച്ഒ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതികൾക്ക് സഹായം ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ ഇവരെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കൊടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.