ഫുട്‌ബോൾ കളിക്കുന്നത്തിനായി സുഹൃത്തുക്കൾക്കൊപ്പം പോയ വിദ്യാർത്ഥിയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : ഫുട്‌ബോൾ കളിക്കുന്നത്തിനായി സുഹൃത്തുക്കൾക്കൊപ്പം പോയ വിദ്യാർത്ഥിയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏലൂർ കണപ്പിള്ളി സ്വദേശി പരേതനായ സെബാസ്റ്യാന്റെ മകൻ എബിൻ (15) നെയാണ് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മണിയോടെ വീട്ടിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കാനാണെന്ന് പറഞ്ഞ് പോയ എബിനെ രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും അറിയില്ല എന്നാണ് മറുപടി ലഭിച്ചത്.

എബിനെ കാണാതായതോടെ മാതാവ് ശ്രുതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ എബിനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളായ കുട്ടികളെ ചോദ്യം ചെയ്തതിലൂടെയാണ് സത്യം പുറത്തറിഞ്ഞത്. ഫുട്‌ബോൾ കളിക്ക് ശേഷം പെരിയാറിൽ കുളിക്കാൻ പോകുകയും, കുളിക്കുന്നതിനിടയിൽ എബിൻ മുങ്ങുകയുമായിരുന്നെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി. രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും കുട്ടികൾ പറഞ്ഞു.

സംഭവം ആരും അറിയരുതെന്ന് പറഞ്ഞ് കുട്ടികൾ സംഭവ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ എബിന്റെ മാതാവ് പരാതി നൽകിയതോടെയാണ് പോലീസ് സുഹൃത്തുക്കളായ കുട്ടികളെ ചോദ്യം ചെയ്തത്. ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂൾ വിദ്യാർത്ഥിയാണ് എബിൻ.